
















ഓക്സഫര്‍ഡ് സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോകാനൊരുങ്ങിയ കോക്രോച്ച് ജനതാ പാര്‍ട്ടി സഹ കണ്‍വീനര്‍ സൗരവ് ദാസിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു. ഇമിഗ്രേഷന്‍ കൗണ്ടറില്‍ വെച്ചാണ് തന്റെ പാസ്പോര്‍ട്ട് ഫ്‌ലാഗ് ചെയ്ത വിവരം ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് സൗരവ് ദാസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, എല്‍എസ്ഇ, എഡിന്‍ബര്‍ഗ് തുടങ്ങിയ പ്രമുഖ സര്‍വകലാശാലകളില്‍ 'കോക്രോച്ച് മൂവ്‌മെന്റിനെ'ക്കുറിച്ച് സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ട തന്നെ ഭീരുക്കളായ മോദി സര്‍ക്കാര്‍ തടയുകയായിരുന്നെന്ന് സൗരവ് ദാസ് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് താന്‍ ലണ്ടനിലേക്ക് തിരിച്ചതെന്നും, വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനെ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും സൗരവ് ദാസ് ആരോപിച്ചു.
'ഞാന്‍ നീരവ് മോദിയോ വിജയ് മല്യയോ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ബാങ്കുകളില്‍ നിന്ന് ആയിരക്കണക്കിന് കോടികള്‍ കൊള്ളയടിച്ചിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ എന്നെ പോവാന്‍ അനുവദിച്ചേനെ' എന്നും അദ്ദേഹം പരിഹസിച്ചു.