
















മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിനിടെ നൃത്തം ചെയ്യവേ ഹൃദയാഘാതം സംഭവിച്ച് 51കാരനായ പിതാവ് മരിച്ചു. രാജസ്ഥാനിലെ ഉദയ്പുര്‍ ജില്ലയിലെ പതിയാര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം. അഹമ്മദാബാദിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ശങ്കര്‍ലാല്‍ മേഘ്വാളാണ് മരിച്ചത്.നവംബര്‍ 20ന് രാത്രിയായിരുന്നു സംഭവം. 26കാരിയായ മകള്‍ പ്രിയങ്കയുടെ വിവാഹത്തിന് മുന്നോടിയായുള്ള 'ബിന്ദോലി' ഘോഷയാത്രയില്‍ നൃത്തം ചെയ്യുന്നതിനിടെ ശങ്കര്‍ലാലിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മക്കളായ ദിലീപും ഉമേഷും ബന്ധുക്കളും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഉദയ്പുരിലെ എം.ബി ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നവംബര്‍ 21ന് ഉച്ചയ്ക്കായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പിതാവിന്റെ മരണവിവരം അറിഞ്ഞാല്‍ വിവാഹം മുടങ്ങുമെന്ന ആശങ്കയില്‍ മക്കള്‍ ആദ്യം വിവരം അമ്മയോടും സഹോദരിയോടും മറച്ചുവെച്ചു. പിതാവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നുമാണ് ഇവരോട് പറഞ്ഞത്.
എന്നാല്‍ വിവരം അറിഞ്ഞ വരനും ബന്ധുക്കളും ഏകദേശം 25 കിലോമീറ്റര്‍ യാത്രചെയ്ത് വധുവിന്റെ വീട്ടിലെത്തി. തുടര്‍ന്ന് നവംബര്‍ 21ന് പുലര്‍ച്ചെ മൂന്നുമണിയോടെ വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. മകളുടെ യാത്രയയപ്പിന് ശേഷമാണ് ശങ്കര്‍ലാലിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്.
പ്രിയങ്കയെയും രണ്ട് ഇളയ മക്കളെയും തനിച്ചാക്കിയാണ് ശങ്കര്‍ലാല്‍ വിടവാങ്ങിയത്. മകളുടെ വിവാഹസന്തോഷത്തിനിടയില്‍ കുടുംബനാഥനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ബന്ധുക്കളും നാട്ടുകാരും.