
















ശിവാജിനഗര്‍ ജില്ലാ കോടതിക്ക് മുന്നില്‍ വെച്ച് കൊലക്കേസ് പ്രതിക്ക് നേരെ ക്രൂരമായ ആക്രമണം. 2025ലെ ശുഭം സുഭാഷ് ചവാന്‍ വധക്കേസിലെ പ്രതിയായ മന്ദാര്‍ മാരുതി കിവാലെയെ ആറോളം വരുന്ന അക്രമിസംഘം വളഞ്ഞിട്ട് വെട്ടുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഇയാളുടെ കൈകള്‍ അറ്റുപോയി.
ബുധനാഴ്ച കോടതി നടപടികള്‍ക്കായി എത്തിയപ്പോഴായിരുന്നു സംഭവം. ശനിയാഴ്ചയാണ് ഇയാള്‍ ജാമ്യത്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ശിവാജിനഗര്‍ കോടതിയുടെ നാലാം നമ്പര്‍ ഗേറ്റിന് പുറത്തുവെച്ചായിരുന്നു ആക്രമണം. 2025 ഏപ്രില്‍ 20ന് പൂനെയിലെ കത്രാജ് സന്തോഷ് നഗറില്‍ ഭൂമി-സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ശുഭം സുഭാഷ് ചവാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കിവാലെ. മുന്‍വൈരാഗ്യത്തെ തുടര്‍ന്നുള്ള പ്രതികാരമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
രണ്ട് സ്‌കൂട്ടറുകളിലായി ആറംഗ സംഘം എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു സ്‌കൂട്ടറില്‍ നാല് പേരും മറ്റൊന്നില്‍ രണ്ട് പേരുമാണ് ഉണ്ടായിരുന്നത്. അക്രമികളില്‍ ഒരാളുടെ കയ്യില്‍ രക്തം പുരണ്ട വടിവാള്‍ ഉണ്ടായിരുന്നതായും, പരിക്കേറ്റ കിവാലെ നടപ്പാതയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവസ്ഥലത്ത് നിന്ന് രണ്ട് തോക്കുകളും തിരകള്‍ നിറച്ച ഒരു മാഗസിനും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.