
















നടന്‍ ഹരീഷ് കണാരനില്‍ നിന്നും 20 ലക്ഷം രൂപ കടംവാങ്ങിയ ശേഷം മടക്കിനല്‍കിയില്ല എന്ന ആരോപണത്തിന് ആദ്യമായി പരസ്യപ്രതികരണവുമായി നിര്‍മാതാവ് ബാദുഷ . ഒരു സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും, ശേഷം തനിക്ക് അവസരം നിഷേധിക്കുകയുമുണ്ടായി എന്ന് ഹരീഷ് ഒരു വാര്‍ത്താ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. താന്‍ നിര്‍മിക്കുന്ന സിനിമ റേച്ചല്‍ പുറത്തിറങ്ങിയ ശേഷം പ്രതികരിക്കും എന്ന ക്യാപ്ഷനോടെ മോഹന്‍ലാല്‍ ചിത്രം 'ഇരുപതാം നൂറ്റാണ്ടില്‍' നിന്നുള്ള ഒരു വീഡിയോ ശകലം ബാദുഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം ഇപ്പോള്‍ മറ്റൊരു പോസ്റ്റും അദ്ദേഹം അപ്ലോഡ് ചെയ്തിരിക്കുന്നു. ബാദുഷ വിളിച്ചു, സെറ്റില്‍ ചെയ്തോളാം എന്ന് പറഞ്ഞു എന്ന് ഹരീഷ് കണാരന്‍ പറയുന്ന ഒരു വീഡിയോയുടെ ഒപ്പമാണ് ഇപ്പോഴത്തെ പ്രതികരണം.
'ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാന്‍ വിളിച്ചിരുന്നു. അവര്‍ ഫോണ്‍ എടുത്തില്ല. അന്നു തന്നെ നിര്‍മ്മലിനെ വിളിച്ചു, ഞാന്‍ കാര്യങ്ങള്‍ സംസാരിച്ചു. 'ഞാന്‍ സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല' ഈ ജനങ്ങളുടെ മുന്നില്‍ ഇത്രക്കും അപമാനിതനാക്കിയിട്ട് , ഇനി എന്ത് ഒത്തുതീര്‍പ്പ് എനിക്ക് ഉള്ളത്. പറയാനുള്ളതെല്ലാം എന്റെ റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന് പറയും. അതുവരെ എനിക്കെതിരെ കൂലി എഴുത്തുകാരെ കൊണ്ട് ആക്രമിച്ചോളൂ. ഈ അവസ്ഥയില്‍ എന്നോടൊപ്പം കൂടെ നില്‍ക്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരുപാട് നന്ദി,' ബാദുഷ കുറിച്ചു.
'എനിക്ക് ഒന്നുരണ്ട് സിനിമകളുടെ ഡേറ്റ് തന്നിരുന്നു. 'അജയന്റെ രണ്ടാം മോഷണത്തില്‍' 40 ദിവസത്തെ ഡേറ്റ് കിട്ടിയിരുന്നു. ഈ ഡേറ്റ് തന്നതിനിടയിലാണ് ഞാന്‍ കൊടുത്ത 20 ലക്ഷം രൂപ തിരികെ ചോദിച്ചത്. മൂന്നു നാല് വര്‍ഷമായി ഞാന്‍ പണം തിരികെചോദിച്ചിരുന്നില്ല. വീടുപണി നടക്കുന്നുണ്ടായിരുന്നു. തരാമെന്ന് പറയുന്നതല്ലാതെ, പണം കിട്ടാതെ മുന്നോട്ടു പോയി,' എന്നായിരുന്നു ഹരീഷ് കണാരന്റെ പരാതി.
ഒടുവില്‍ സിനിമയില്‍ നിന്നും വിളി വരാതായി. ടൊവിനോ തോമസിനെ നേരിട്ട് കണ്ടപ്പോള്‍ ഹരീഷിനെ വിളിച്ചിട്ട് പ്രതികരണമില്ല എന്നായിരുന്നു അറിയാന്‍ കഴിഞ്ഞത് എന്ന് ഹരീഷ്. ഇടവേള ബാബു വഴിയും ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നതായി ഹരീഷ് പറഞ്ഞു.